ഉത്സവകേരളത്തിലെ ചക്രവര്‍ത്തിയായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍
Posted on: 19 Mar 2009- വി. ഹരിഗോവിന്ദന്‍ എട്ടടി ഉയരവുമായി ബിഹാറില്‍നിന്ന് വാളയാര്‍ചുരം കടന്നുവന്ന മോട്ടിപ്രസാദ് ഇന്ന് ഉത്സവകേരളത്തിലെ കിരീടംവെക്കാത്ത ഗജചക്രവര്‍ത്തിയാണ്. സ്വന്തം പേരുകൊണ്ട് ദേശത്തിന്റെ പ്രശസ്തി കേരളം മുഴുവന്‍ പടര്‍ത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഈ ഗജോത്തമന്‍.ഉത്സവപ്പറമ്പുകളില്‍ ചൂടപ്പംപോലെ വിറ്റഴിയുന്ന കലന്‍ഡറുകളിലൊന്ന് രാമചന്ദ്രന്റെ പടമുള്ളതാണ്.കേരളത്തിലിന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍നീളം 340 സെന്റീമീറ്ററോളമാണ്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ഉറച്ച കാലുകള്‍, ആനച്ചന്തം എന്തെന്ന് ചൂണ്ടിക്കാണിക്കാവുന്ന മട്ടിലുള്ള നടത്തം ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയും തലയെടുപ്പുമൊക്കെ കണ്ടാല്‍ രാമചന്ദ്രന്‍ നാടന്‍ ആനയാണെന്നേ ഒറ്റനോട്ടത്തില്‍ പറയൂ. എഴുന്നള്ളത്തിന് കോലം കയറ്റിക്കഴിഞ്ഞാല്‍ തിടമ്പിറക്കുംവരെയും തല എടുത്തുപിടിച്ചുനില്‍ക്കുമെന്നതാണ് രാമചന്ദ്രന്റെ പ്രത്യേകത.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ